"നീ എങ്ങോട്ടേക്കാണ്? ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ . സു…”
ഇന്ദുവിന്റെ കുശലാന്വേഷണത്തെ കാറ്റിൽപ്പറത്തികൊണ്ടാണ് സിഗ്നൽ വിട്ടപ്പോൾ ഡ്രൈവർ വണ്ടിയെടുത്തത് .
"സു ..ഖാണോ".
ഒരു അശരീരികണക്കെ അതവൾക്കു കേൾക്കാമായിരുന്നു. അനേകം നാളുകൾക്ക് ശേഷമാണ് ആ പഴയ സഹപാഠിയെ ഒരു ട്രാഫിക് സിഗ്നലിൽ വച്ച് അവൾ കാണാനിടയായത് . സ്വതവേ അവൾസിഗ്നലുകളെ പഴിക്കുന്നവളാണ് . തിരികെ വീടെത്തി ഇന്ദുവിന് ഒരു ഫോൺകോൾ ചെയ്യാമെന്നവളുറപ്പിച്ചു . ചില നേരം വേണ്ടപ്പെട്ടവരെക്കുറിച്ചോർക്കുവാനും വേണം ചില അപൂർവ്വ സംഗമങ്ങൾ.അത്തരമൊരപൂർവ്വ സംഗമത്തിന് നന്ദിപറഞ്ഞു കൊണ്ട് അവൾ പുറം കാഴ്ചകൾ കണ്ടിരുന്നു .
സ്ത്രീകളിൽ കേട്ടുകേൾവിയുള്ളതും എന്നാൽ പൊതുവെ കേൾക്കാനിടവരുത്താത്തതുമായ 'വായ്നോട്ടം ' എന്ന പ്രക്രിയയെ പുരുഷന്മാരിൽ മാത്രമൊതുക്കാതെ, നാട് കണ്ടിരിക്കുക എന്നതാണ്ഓട്ടോ സവാരിയിൽ അവൾ കണ്ടെത്താറുള്ള പ്രധാന വിനോദം . റോഡുനീളെ ചലിക്കുന്ന മനസ്സുകൾ . വലിയ ബസ്സുകളിൽ കുത്തിനിറച്ച മനസ്സുകൾ . കാത്തുനിൽക്കുന്ന മനസ്സുകൾ . വളരുന്നതും വളർച്ചമുരടിച്ചതുമായ മനസ്സുകൾ . ലോകമറിയുംതോറും വേദന തിന്നാൻ മുതിരുന്ന മറ്റുചിലത് ....സർവത്ര മനസ്സുകൾ! എന്നിരുന്നാലും പൊള്ളുന്ന വെയിലിലും ചിരിച്ചിരിക്കാനറിയാവുന്ന സ്കൂട്ടറുകളുടെപുറകിൽ കെട്ടിപ്പിടിച്ചിരിക്കുന്ന എണ്ണമെഴുകി പഴുത്ത്കിടക്കുന്ന ബാല്യമനസ്സുകൾ അവളെ ആകർഷിച്ചിരുന്നു . തന്നെപ്പോലെ മനസ്സുകളെയോർക്കുന്ന മാനസിമാരെ അവൾ മനസ്സാൽ സ്മരിച്ചു . എപ്പോഴുംഒരു ചോദ്യത്തിൽ മാത്രമാകും ഈ കൗതുകം ചെന്നവസാനിക്കുക ,
' ഇവയിൽ എത്ര എഴുത്തുകാർ കാണും?'
അനുവാദമില്ലാതെ കടന്നെത്തുന്ന ചിന്തകൾപോലെ അകറ്റിനിർത്താൻ കഴിയാത്തതാണ് ഒരു സവാരിമുഴുവനും ആവർത്തിച്ചു കേൾക്കുന്ന കവിതപോലോരു സുന്ദരമലയാള ഗാനം . കൂടാതെറിക്ഷയിൽ ഷോക്കേറ്റതുപോലെ മുടിയും ചിതറിച്ചു യാത്രചെയ്യുക എന്നത് അത്രമേൽ സങ്കടപ്പെട്ടിരിക്കുമ്പോൾ അവൾക്കൊരു പതിവായിരുന്നു . റിക്ഷായിലിരുന്ന് കഴിക്കുവാൻ കയ്യിൽ കരുതിയ പിസ്തയുംഈന്തപ്പഴവും അന്നു പക്ഷെ മറ്റെന്തെല്ലാമോപോലെ അവൾക്കനുഭവപ്പെട്ടു . ഈന്തപ്പഴമാണേൽ ചത്തപാറ്റയെപ്പോലെ ജീർണ്ണിച്ച് ജീവനറ്റതുപോലെ. ഉണങ്ങി നേർത്ത പിസ്സയുടെ പിളർന്നിരിക്കുന്ന വലിയത്തോടുകൾപോലെ അവളുടെ കലങ്ങിവീർത്ത കണ്ണുകൾ . ഉപ്പുപുരണ്ട കണ്ണുകൾ! ഉറക്കത്തിന്റെ ഇടവേളകൾ അവൾ കരയുവാൻ മാറ്റിവച്ചിരുന്നു . നിശബ്ദമായി , സ്വകാര്യമായി ഒന്ന് കരയുവാൻ.
നഗരമധ്യത്തിൽ ജനിച്ചു വളർന്നവൾ അവിടുത്തെ ഒച്ചപ്പാടുകൾ വേർതിരിച്ചറിയുന്നതിൽ ശ്രദ്ധചെലുത്താറില്ല . ചെവിയിൽ തിരുകിയ മലയാള ഗാനത്തിന് കുത്തേറ്റതുപോലെ മുഴച്ചുപൊന്തിറിക്ഷായിലെ ഭക്തിഗാനം പൊങ്ങിവന്നു . 'ആറ്റുകാലമ്മ'യിൽ യാത്ര തുടങ്ങിയപ്പോൾ മുതൽ മൂക്കിൽ കയറിപ്പറ്റിയതാണ് ഒരു സാമ്പ്രാണിമണം. ഇടത്തും വലത്തും ആൺദൈവങ്ങളുടെ ചിത്രങ്ങൾ . വളരെ ഉയരത്തിലായി പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റുചില ആൺദൈവങ്ങൾക്കു നടുവിലായി സർവ്വസ്വരൂപിണിയായായി റിക്ഷായ്ക്ക് നിലവിളക്കുപോലെ പേരില്ലാത്തതൊരു സ്ത്രീദൈവം . വളരെയാദൃശ്ചികമെന്നോണം അവൾ തലേന്നെഴുതിയ തന്റെ ഡയറിക്കുറിപ്പോർത്തെടുത്തു .
"നിരീശ്വരവാദിയായ ഞാൻ പൂക്കളിൽ ഇതളുകൾ നിരത്തിയതും മണ്ണിൽ വേരുകളുറപ്പിച്ചതുമായ ശിൽപ്പികളെ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ രണ്ടും ഒരാളാകുവാൻസാധ്യതയില്ല. അങ്ങനെയെങ്കിൽ അവർ വെവ്വേറെ ലിംഗങ്ങളുള്ളതും കണ്ടാൽ മനുഷ്യരെപ്പോലിരിക്കുന്നതുമായ സ്ത്രീപുരുഷന്മാരായി നിലകൊള്ളുകയില്ല ".
ഡ്രൈവർക്ക് തന്നെക്കാൾ വൃത്തിയുള്ളതായി അവൾക്കുതോന്നി . അയാൾ കുളിച്ചിരിക്കുന്നു. എണ്ണയിൽ ചീകിയൊതുക്കിയ തലമുടി. വലത്തേച്ചെവിയ്ക്കു പിന്നിലായി ഒരു പൂവും തിരുകിയിട്ടുണ്ട്.അർച്ചനകഴിപ്പിച്ചതാകണം .അവൾ ഊഹിച്ചെടുത്തു. ഓട്ടത്തിനിടയിൽ റോഡിലേയ്ക്ക് തുപ്പുവാനായി അയാൾ പലവട്ടം കുനിഞ്ഞപ്പോൾ ഇടയ്ക്കെപ്പോഴെല്ലാമോ കണ്ണാടിയിൽ അയാളുടെ നെറ്റിയിലെചന്ദനവും അവളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നെയവൾ ഇയർഫോണുകൾ മാറ്റിവയ്ക്കുകയും ദൈവങ്ങളെക്കാൾ ചൈതന്യമുള്ള വിശ്വാസിയായ ആ മനുഷ്യന്റെ ശുഭാപ്തിക്കും വിശ്വാസത്തിലുംനന്മയുടെ തീർത്ഥം മനസ്സാൽ തളിച്ചുകൊണ്ട് ഭക്തിഗാനത്തിനു താളം പിടിച്ചിരുന്നു .
അനേകം പള്ളികൾക്കിടയിൽ സ്ഥിതിചെയ്യുന്ന സ്വതവേ ആൾക്കൂട്ടം കുറഞ്ഞ ഒരു പാർക്കിൽ അയാൾ വരുമെന്നും അയാൾ അവളോട് സ്നേഹത്തെയും ഭാവിയെയും കുറിച്ച് പ്രണയത്തിൽ മായംകലർത്താതെ സംസാരിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ടാണവൾ വീട്ടിൽനിന്നും പുറപ്പെട്ടത് .
'അയാൾ വരുമായിരിക്കും. ഞാൻ എവിടെയാണെന്ന് വിളിച്ചന്വേഷിക്കുമായിരിക്കും ഒരിക്കൽക്കൂടി , ഒരവസരംകൂടി ലഭിക്കുമായിരിക്കും '.
വഴിയോരത്തെ പല കാഴ്ചകളും നഷ്ടപ്പെടുത്തി സ്വകാര്യ ചിന്തകളിലേർപ്പെട്ടുകൊണ്ട് അവൾ യാത്രചെയ്തു .
ഒരു പള്ളിയുടെ മുന്നിലായി അവൾ റിക്ഷാ നിർത്തിച്ചു . പാർക്കിലേക്ക് നടന്നു ചെല്ലാമെന്നും , കഴിയുമെങ്കിൽ നിർത്തിവച്ച സുന്ദരമലയാളഗാനം ഒന്നുകൂടി കേൾക്കണമെന്നും ധരിച്ച് നടന്നുതുടങ്ങി .
" എടൊ… നിൽക്ക്...ഞാനും കൂടി”. അയാൾ പണ്ട് ഓടിക്കിതച്ചുകൊണ്ട് തന്റെ കൈപിടിച്ചതെല്ലാം അവൾ ഓർത്തെടുത്തു.
"ഒപ്പം നടക്കാൻ ഞാനുമുണ്ടേ. നിനക്ക് പ്രിയമുള്ളിടത്തേക്ക് എന്നെയും കൂട്ടുമോ ? നമുക്കവിടെയിരിക്കാം ".
അവൾ വായിച്ചു നീങ്ങിയ ചുമരിലെ ദൈവവചനങ്ങളും ചെവിയിൽ മൂളിക്കൊണ്ടിരുന്ന പാട്ടുമല്ലാതെ മറ്റൊന്നും ആ നിമിഷം അവളോടൊപ്പമുണ്ടായിരുന്നില്ല. പ്രതീക്ഷകളില്ലാതെതിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് തന്നെനോക്കി പുഞ്ചിരിച്ചു നടക്കുന്ന ഒരു പരിചിതനായ യുവാവിനെയാണ്. അവനെനോക്കി മന്ദഹസിച്ചുകൊണ്ട് അവൾ വളരെ വേഗത്തിൽ നടന്നു നീങ്ങി .
ഇരിക്കാനൊരിടം വേണം. എന്തേ തനിച്ചിരിക്കുന്നതെന്ന് ആരാലും ചോദ്യംചെയ്യപ്പെടാത്തൊരിടം. അങ്ങനെയൊരിടത്ത് സ്വസ്ഥമായി ശ്വസിക്കുവാനും ശ്വാസോഛ്വാസം ഉള്ളിലെ ഭാരംകുറയുന്നതുമായി തോന്നുമെന്നും അവൾ കണക്കുകൂട്ടി . സ്ത്രീകളുടെ ശുചിമുറിക്ക് സമീപത്തെ വിശ്രമകേന്ദ്രത്തിൽ അത്തരമൊരിരിപ്പിടം കണ്ടെത്തി. ഒരു സിമന്റ് പടിക്കൽ വെറുതേയിരുന്നു. ഒരുപാട്ടുപോലും മൂളാതെ , ഒരു മനുഷ്യജീവിയോടും മിണ്ടാതെ ക്ഷമക്കുടിച്ചുവറ്റിച്ചുകൊണ്ട് അവൾ അയാൾക്കായി കാത്തിരുന്നു.
"അടിച്ചുവാരിയിട്ടിട്ട് പോയതാണ് . ഒരൊറ്റ രാത്രികൊണ്ട് പൂത്ത് നിൽക്കണ് നാശം". പാർക്കിൽ അടിച്ചുവാരാൻ വരുന്ന സ്ത്രീകൾ ഒരു വന്മരത്തെ പ്രാകിപ്പിറുപിറുത്തുകൊണ്ടു കടന്നുപോയി .അപ്പോഴാണ് ശുചിമുറിയ്ക്ക് തണലായി നിൽക്കുന്ന ആ വൻമരം ആദ്യമായി അവളുടെ ശ്രദ്ധയിൽപെട്ടത്. ചല്ലികൾക്കുമേൽ പൂമെത്തവിരിച്ചതുപോലെ മഞ്ഞപ്പൂക്കൾ വീണുകിടക്കുന്നു . "ഒരു രാത്രികൊണ്ട്ഇത്രയും പൂക്കളോ ? ". മുൻപെങ്ങും അത്തരമൊരു മരം പൂത്തുനിൽക്കുന്നത് കണ്ടു ശീലമില്ലാത്തവൾ ആശ്ചര്യപ്പെട്ടിരുന്നു .
'അയാൾ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്നെ വിളിക്കുകപോലും ചെയ്തില്ലലോ . ഞാൻ ഈ പാർക്കിലുണ്ടാകുമെന്നയാൾക്കറിയാം. എന്നിട്ടും അയാൾ...’
അവൾക്ക് കരച്ചിൽ വന്നു. പേരുവിളിച്ചുകരയുവാൻ റിക്ഷായിൽ കണ്ട ദൈവങ്ങളോട് അവൾ പണ്ടേ പിണങ്ങിപ്പിരിഞ്ഞതാണ് . ആരോട് പറയുവാൻ . അവൾക്കാരെയൊക്കെയോ കാണുവാൻ തോന്നി .കൂട്ടം കൂടിയിരുന്നു സംസാരിക്കുവാനും തോന്നി . ആരെല്ലാമോ അവൾക്കുചുറ്റിനും വന്നിരിക്കുന്നതുപോലെ മെനെഞ്ഞുനോക്കി . അവൾക്കു നിർത്താതെ സംസാരിക്കുവാൻ തോന്നി. ഭൂമിയിലെങ്ങുംസാന്ത്വനമില്ലെങ്കിൽ മനുഷ്യൻ നിസ്സഹായനായി വാനം നോക്കും . ഇപ്പോൾ അവളും !
എന്തോ പറയാൻ മുതിർന്നപ്പോൾ ആരുടെയോ കല്പനയാൽ നിശ്ശബ്ദയാക്കപ്പെട്ട ഒരുവളെപ്പോലെ നിസ്സഹായയായി , നിശബ്ദയായി നിൽക്കുന്ന പ്രായം തിരിച്ചറിയാൻ പറ്റാത്ത ഒരു സ്ത്രീയെപ്പോലെ ആമരം കുമ്പിട്ടു നിൽക്കുന്നതായി അവൾക്ക് തോന്നി. ഒരുവേള അത് അയല്പക്കത്തെ നുണക്കഥകൾ കേൾക്കുവാനെന്നോണം പ്രയാസപ്പെട്ട് നടുകും വളച്ച് ചായ്ഞ്ഞുനിന്നു ചെവിയോർക്കുന്നതുപോലെതോന്നി . മറ്റൊരു നിമിഷം അതിന്റെ ശിഖരങ്ങൾ റിക്ഷായിൽ ഷോക്കേറ്റതുപോലെ ചിതറി നിന്ന തന്റെ മുടിയിഴകൾപോലെ അനുഭവപ്പെട്ടു.
പൂമഞ്ചൽ വിരിച്ചിട്ട തണൽ നിവർത്തി നിൽക്കുന്ന ആ വമ്പൻ പൂമരത്തിൽ നിന്നും മഴത്തുള്ളി കണക്കേ ഒരു പൂവ് തനിച്ച് യാത്രപുറപ്പെട്ടു. അവൾ വെറുതെ ആശ്ചര്യമൊന്നുമില്ലാതെ കൈനീട്ടി.കുമ്പിൾ കൂട്ടിയ കയ്യിൽ ഏറെ ദൂരം യാത്രചെയ്തിട്ടെന്നപോലെ ക്ഷീണത്തോടെയെങ്കിലും അനായാസം വന്നു വീണു. അത് തന്റെ കവിൾത്തടങ്ങൾ അവളുടെ കൈവെള്ളയോട് ഉരുമിച്ചേർത്തുകൊണ്ട് ഒരുവശത്തായി ഒതുങ്ങിക്കിടന്നു. പൂമഞ്ചലിൽ നിന്നും മറ്റൊരെണ്ണം കൂടി അതിനു പിന്നാലെ ചാടിപ്പുറപ്പെട്ടു. ഒന്നൊന്നിനെയും തനിച്ചാക്കാതെ ഓരോന്നായി നിലംപതിച്ചുകൊണ്ടിരുന്നു. അവളുടെ കാൽക്കൽ,തോളിൽ, മുടിയിഴകളിൽ , കൈകളിൽ മടിയിൽ ...അങ്ങനെ ആദ്യമായി പുഷ്പ്പിണിയായ ഒരുവളെപ്പോലെ അവൾ സ്വന്തം കവിൾത്തടങ്ങൾ നനച്ചിട്ടിരുന്നു.
പുഷ്പ്പിണിയായ ഒരുവൾക്ക് യാത്രതിരിക്കേണ്ടതായി പ്രപഞ്ചത്തിന്റെ ശബ്ദമില്ലാത്ത രേഖകൾ സ്ഥലകാലബോധം നൽകി. നേരമൊത്തിരി വൈകിയെന്ന തിരിച്ചറിവിൽ നിറകണ്ണുകളോടെതന്നിലേക്ക് ആദ്യം വന്നെത്തിയ രണ്ടുപൂക്കളെ ബാഗിൽ ഭദ്രമാക്കി. എന്നെങ്കിലും കുറിച്ചിടാനായി വരികളില്ലാത്ത ഒരു കവിതയും മനസ്സിൽ കോറിയിട്ടിട്ടവൾ വീട്ടിലേയ്ക്കു മടങ്ങി.
അന്ന് ആരെയും കാത്തിരിക്കാനില്ലായിരുന്നു .ആരും വരുവാനുമില്ലായിരുന്നു. എന്നിട്ടും പിറ്റേന്ന് വെളുപ്പിന് കാർ ഡ്രൈവുചെയ്ത് അവൾ പാർക്കിലേക്ക് അതിവേഗത്തിൽ പാഞ്ഞെത്തി. കൂട്ടുവന്നപൂക്കൾക്കും പൂമരത്തിനും വൈകാരികമായി അവൾക്കു മാത്രമറിയാവുന്ന എന്തോ പകുത്തുനൽകുവാൻ വന്നതാകണം .
അവിടെയെങ്ങും തൂപ്പുകാരികളെ കണ്ടില്ല. ഒരൊഴിഞ്ഞ കോണിൽ ചൂൽ അടുക്കിവച്ചിരിക്കുന്നു. നാലുവരയിട്ട നോട്ട്ബുക്കുകൾ കുത്തഴിഞ്ഞു കിടക്കുന്നതുപോലെ ചൂൽത്തുമ്പുകൾ കൊണ്ട്വരഞ്ഞിട്ട നിലം. പൂവൊഴിഞ്ഞ് വൻമരം! അതിന്റെ മുടിയിഴകൾക്ക് നനവുപറ്റിയിട്ടെന്നപോലെ ജടയറുക്കാത്ത ഒട്ടിക്കിടക്കുന്ന വെറും പച്ച നിറം .ഒരു പൂമൊട്ടുപോലും ബാക്കിവയ്ക്കാതെ...
അവൾ അന്നും വാനം നോക്കി. അവിടെ കാക്കത്തോള്ളായിരം മാലാഖമാർ തങ്ങി നില്പില്ല. മേഘപാളികൾക്കു പിന്നിലായി സാമ്പ്രാണിമണമുള്ള ദൈവങ്ങൾ പുഞ്ചിരിച്ചില്ല. എന്നിട്ടും പ്രപഞ്ചംപൊതിഞ്ഞയച്ച പൂക്കൾ മാത്രം എങ്ങിനെ അവളുടെ പക്കൽ വന്നുപെട്ടു!
❤️❤️
ReplyDelete