"നിനക്ക് ഞാൻ പുസ്തകങ്ങൾ വായിച്ചുതരാം . നിനക്കിഷ്ടമുള്ള പുസ്തകങ്ങൾ . എന്റെ മടിയിൽ നീ വിശ്രമിക്കുമ്പോൾ ഞാൻ തലമുടി തലോടിത്തരും . അന്ന് നിനക്ക് ആർത്തവം കൂടിയാണെങ്കിൽ ഒന്ന് ചിന്തിച്ചുനോക്കൂ . പിന്നെ നീ കിടന്നുറങ്ങിയാൽ മാത്രം മതിയാകും. അന്ന് ഞാൻ സെക്സ് പോലും വേണ്ടന്ന് വെക്കും."
അയാളുടെ ഈ മധുര സംഭാഷണങ്ങൾ ടെക്സ്റ്റ് മെസ്സേജിൽ അവൾ പലവട്ടം വായിച്ചതാണ് . എന്നിട്ടും അന്ന് അയാളുടെ തൊട്ടടുത്തിരുന്നിട്ടും അവൾ അത് വായിച്ചു .പലപ്പോഴും അവർ പിണക്കത്തിലാകുമ്പോഴാണ് ഈ വായന.വിരൽത്തുമ്പുകൊണ്ട് അയാളുടെ ഈ വാചകങ്ങൾ അവൾ പരതി നോക്കാറുണ്ട്.
വേദനിക്കുമ്പോൾ തോന്നുന്ന പ്രണയം ! അയാൾക്കത് മനസിലാകില്ലെന്ന് അവൾക്കറിയാം.എന്തിനാണ് പ്രണയിക്കുവാൻ വേണ്ടി വേദനിക്കുന്നത് .വേദന അവളൊട്ടും ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹിക്കുന്നുമില്ല.ലോകത്ത് വേദനകൊണ്ട് പ്രണയിക്കപ്പെടുവാൻ മുന്നിട്ടിറങ്ങുന്ന സ്ത്രീജനങ്ങളെ അവൾ കണ്ടിട്ടുമില്ല.,
അയാൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. അയാളോടൊപ്പം ഹോട്ടലിലെ ഒരു ഒഴിഞ്ഞ കോണിലിരുന്നുകൊണ്ട് അവളത് ആവർത്തിച്ചാവർത്തിച്ചു വായിച്ചു.
ഹോട്ടലിലെ തീന്മേശകളിൽ ഇരിക്കുമ്പോഴെല്ലാം അവൾ ഒരു മുയലിനെപോലെയാകും . ചുറ്റിനും കണ്ണുകളോടിച്ചുകൊണ്ടിരിക്കും .
കമിതാക്കളെ അവൾ വിവേകബുദ്ധിയോടെ തിരിച്ചറിയും .കുടുംബങ്ങൾ , ഒറ്റയ്ക്കിരിക്കുന്ന മറ്റുചിലർ , വന്നും പോയും ചലിക്കുന്ന പല മനുഷ്യരും അവളെ അലട്ടിക്കൊണ്ടിരിക്കും .
മുഖാമുഖം നോക്കി വളരെ കാര്യത്തിലെന്നോണം സംസാരിച്ചിരിക്കുന്ന ദമ്പതികളോട് അവൾക്ക് കൗതുകമാണ് . അങ്ങനെ എന്നെങ്കിലും അയാളും അവളുടെ മുഖം നോക്കി സംസാരിച്ചിരുന്നെങ്കിൽ എന്നവൾ ആശിക്കാറുണ്ട് .
ഒരിക്കൽ എതിർവശത്തെ കസാരയെ ലക്ഷ്യംവച്ചു നടക്കവേ അയാൾ പ്രണയപരവശനായി തന്നെ നോക്കി മുഖം കോട്ടിയതവൾ ഓർത്തുപോയി .ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ അയാൾ പരിഭവം നടിച്ചു.
ഇന്നും അതോർത്തിട്ടെന്നപോലെ അവൾ അയാളെ പിണക്കിയില്ല. അയാളുടെ പക്കൽ തോളുകൾചേർത്തവളിരുന്നു.
ഇണക്കിയും മെനുക്കിയും അവൾ ക്ഷീണിതയായി . ഇനിയൊരു പിണക്കമോ തർക്കമോ അവളെ കൂടുതൽ ക്ഷീണിതയാക്കും .ഇനിയൊരിക്കലും നഷപ്പെടുത്താതെ സ്നേഹത്തെ കൈക്കുമ്പിളിൽ സൂക്ഷിച്ചുവെക്കണമെന്നവൾ ആശിച്ചു .ഒരിറ്റുപോലും ചോർന്നുപോകാത്തിരിക്കുവാൻ അവൾ അയാളോട് തന്റേതല്ലാത്ത കുറ്റങ്ങൾ ഏറ്റുപറഞ്ഞു .പരാതികൾ ഇഷ്ടപ്പെടാത്ത അയാളുടെ നേർക്ക് ചോദ്യാസ്ത്രങ്ങളയച്ച് ബുദ്ധിമുട്ടിക്കില്ല എന്നവൾ മനസ്സാൽ ശപഥം ചെയ്തു .കെട്ടുപോകാത്തിരിക്കുവാൻ സ്നേഹത്തിന്റെ തിരികൾ
നീട്ടിപ്പിടിക്കുവാൻ തന്റെ ഉള്ളിലും ഉറവിടമുണ്ടെന്ന ധാരണ അയാളെ ഉപേക്ഷിക്കുവാൻ അവളെ അനുവദിച്ചില്ല .
അവളുടെ തുടകൾക്കിടയിൽ തീന്മേശയുടെ അടിയിൽ വച്ച് പ്രേമത്തിന്റെ രഹസ്യ സംഭാവനകൾനല്കിക്കൊണ്ടയാൾ ഒരു നുള്ളുവച്ചുകൊടുത്തിട്ടു ചോദിച്ചു .
"അമിതചിന്തകൾ വീണ്ടും തുടങ്ങി . അല്ലെ ?"
പ്രേമത്തിന്റെ ലാഞ്ചനകൾ കൊണ്ടവൾ ചിന്തകളിൽ നിന്നും തിരിച്ചെത്തി. അയാൾ പലപ്പോഴും അങ്ങനെയാണ് .അവൾ തൊട്ടടുത്തിരിക്കണം .കഴിയുമെങ്കിൽ കൈകൾ അവളുടെ തുടയിൽ വച്ചിരിക്കണം .പിന്നെ മറ്റുള്ളവരുടെ മുയൽകണ്ണുകൾ എത്താത്തപ്പോൾ
അവളുടെ വയറ്റത്ത് ഒരു സുഖമുള്ള നുള്ളു കൊടുക്കണം .
അവൾ അയാളെ പരസ്യമായി ചുംബിച്ചതോർത്തു.വെളിച്ച മുള്ളപ്പോൾ പകലിന്റെ ലജ്ജയില്ലാതെ നൽകിയ സ്നേഹചുംബനങ്ങൾ അയാളുടെ കവിളത്തവൾ കൊടുത്തിട്ടുണ്ട് .അയാൾ പക്ഷെ സ്നേഹിക്കുവാൻ ഇരുട്ടിനെ സ്നേഹിച്ച പുരുഷനാണ് .
"ഏയ്. ഇനി ഞാൻ പരിഭവങ്ങൾ പറയില്ല"
"പറഞ്ഞാൽ ഇനി എന്നോട് സംസാരിക്കേണ്ട"
"ഇല്ല .എനിക്ക് സ്നേഹം മാത്രമാണ്."
"തത്വചിന്തകൾ വീണ്ടും തുടങ്ങുകയാണോ"
"ഏയ് .ഇല്ല .ഇനിയില്ല"
അവർ അയാൾക്കിഷ്ടമുള്ളതെല്ലാം സംസാരിച്ചിരുന്നു .മേശപ്പുറത്തെ ഫ്ലവർ വാസിൽ ഒരൊറ്റ റോസാച്ചെണ്ട്.അയാൾ അതിന്റെ ഭംഗിയെ അൽപ്പമൊന്നും വികൃതമല്ലാത്ത രൂപത്തിൽ ഫോൺ ക്യാമെറയിൽ ഒപ്പിയെടുത്തു.
റോസയ്ക്കു ചുറ്റിനും അവരുടെ ഓർഡർ എത്തിച്ചേർന്നിരുന്നു .
അവർ വേഗം കഴിച്ചു തീർത്തു . ഒന്നും മിണ്ടാതെ അയാൾ തന്റെ ഇടത്തേ ക്കൈ അവളുടെ തുടയിലമർത്തിക്കൊണ്ട് ചിക്കൻ കഷണങ്ങൾ വേഗത്തിൽ കടിച്ചു തിന്നു . തന്റെ പങ്കു വച്ചുനീട്ടിയിട്ടവൾ വാഷ്റൂമിൽ ചെന്ന് കൈകളും മുഖവും കഴുകി .മനസ്സുമാത്രമല്ല മുഖവും ക്ഷീണിച്ചിരിക്കുന്നു .കണ്ണിനു ചുറ്റും കറുപ്പും പടർന്നിരിക്കുന്നു . ചുണ്ടിനു മാത്രം മാറ്റമൊന്നുമില്ല. കണ്ണാടിനോക്കിക്കൊണ്ടവൾ ഓർത്തെടുത്തത് മറ്റൊന്നാണ് .
ഒരിക്കൽ കതകിന്റെ പുറംവശത്തെ മതിലിനോട് ചേർത്ത് നിർത്തിക്കണ്ടയാൾ പറഞ്ഞു
"എനിക്ക് കൊതിയാണ് " അവളുടെ ചുണ്ടുകളിൽ ഒരു വിരൽ കൊണ്ട് തൊട്ടുകൊണ്ടയാൾ പറഞ്ഞതാണ് , "എനിക്ക് കൊതിയാണ് നിന്റെ ചുണ്ടുകളോട്".
ബാത്ത്റൂമിലെ യൂറോപ്യൻ ക്ലോസറ്റിൽ ഒരു കൈ ഭിത്തിയിൽ താങ്ങിയും മറ്റേ കൈകൊണ്ട് തുണിയെല്ലാം പൊക്കിപിടിച്ചിട്ടു താഴ്ത്തിവച്ച പാന്റിൽ മൂത്രം തട്ടാതെ കുനിഞ്ഞുനിന്നപ്പോൾ കണ്ട കാലുകൾ അവളെ വീണ്ടും ഓർമ്മിപ്പിച്ചു ,
"എനിക്ക് നിന്റെ കാലുകളോട് കൊതിയാണ് . എന്ത് ഭംഗിയാടോ"
പുറത്ത് പാർക്കിങ്ങിൽ അക്ഷമനായി നിന്ന അയാളോട് വൈകിയതിനു സോറി പറഞ്ഞുകൊണ്ടവൾ കാറിന്റെ മുൻസീറ്റിലേക്കിറങ്ങിയതും അയാൾ കാർ സ്റ്റാർട്ട്ചെയ്തത് ഒരു നീളൻ ഏമ്പക്കത്തോടെ . ദീർഘമായ ഏമ്പക്കം . അവൾക്കു അസ്ഥാനത്ത് ചിരിവന്നു .
"അയാൾക്ക് വിശപ്പ് തീർന്നുകാണും
കൊതിയും"
തെല്ലും ദീർഘിപ്പിക്കാതെ അവൾ ചിരിയടക്കി.
Comments
Post a Comment