Skip to main content

ഫ്ലാറ്റ്

സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ. 

ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്!

നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ.

വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ്ക്ക് പുറത്തുള്ള ഭൂപടം നോക്കി പറയാനാകും. ചുറ്റിനും ആശുപത്രികൾ പള്ളികൾ ശ്മശാന ഗോപുരങ്ങൾ അങ്ങനെ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാൽ ഒടുങ്ങാത്തയത്രയും കെട്ടിടങ്ങൾ. സൂക്ഷ്മമായി മാത്രം നോക്കിയാൽ ആകാശാതിർത്തിയിൽ കടൽ കാണാം. അത് ശംഘുമുഖത്തുനിന്ന് ചിലപ്പോഴൊക്കെ കടലിന്റെ മണമുള്ള കാറ്റും കൊണ്ടിങ്ങു പോരും.

പല രാത്രികളിലും എനിക്ക് അപരിചിതരായ മനുഷ്യർ റൺവേയിലേക്ക് പറന്നിറങ്ങുന്ന കാഴ്ച ആശ്വാസമാകും. ഒരു സുഹൃത്ത് പറഞ്ഞുതന്ന ഹോബി ഞാൻ പരീക്ഷിച്ചുനോക്കിയതാണ്. ഇപ്പോൾ അതൊരു നേരം പോക്കാണ്. ചിലപ്പഴെല്ലാം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ആകാശം നോക്കുമ്പോൾ അപരിചിതരായ ആരൊക്കൊയോ ഭൂമിതൊടുന്ന കാഴ്ച കാണും. അതെന്റെ മുഖത്ത് വെറുതെ ചിരി പടർത്താറുണ്ട്. ചുമ്മാ ഒരു രസം. അവർ ഇങ്ങ് ദൂരെ കാണുന്ന ഒരു പൊട്ടിനുള്ളിലിരുന്ന് ലോകം കാണുന്ന ഞാൻ ഭൂമിയുടെ കണ്ണുകളാണെന്ന് ഞാൻ വെറുതെ ധരിക്കും. 

'വന്ത നാൾ മുതൽ ഇന്ത നാൾ വരൈ...' എന്ന പാട്ട് മൂളിക്കൊണ്ടിരിക്കെ ഞാനെത്ര തവണ മനസുകൊണ്ട് അതിന് ചുവടുവച്ചിരിക്കുന്നു! അതിൽ 'പറവയെ കണ്ടേൻ വിമാനം പടൈതേൻ' എന്ന വരികൾ എത്തിയപ്പോഴാണ് ഒന്നോർത്തത്. ചീവീടുപോലും അലോസരപ്പെട്ടുപോകും വിധം നിലവിളിച്ച ഏതോ ഒരു പക്ഷി എന്റെ ജനാലയ്ക്കരികെ വന്നിരുന്നുവല്ലോ. അതിനെ ഞാൻ ആട്ടിപ്പായിച്ചുവല്ലോ! ആകാശ കാഴ്ച കണ്ടുകൊണ്ടിരിക്കെ ഭൂമിയിൽ അഭയം ചോദിച്ച ഒരു പാവത്തിനെ ഞാൻ സ്നേഹിച്ചില്ല? ഫ്ലൈറ്റ് നിലം തൊട്ടിട്ടും ഞാനെന്തേ നിലം തൊടാഞ്ഞത്!

Comments

Popular posts from this blog

Sweetness of Solitude

Sweetness of solitude came after all that soured. All that soured poured that plenty on me. "Plenty" I called them! humans, deeds, words,and silences, all that failed in ups and downs at turns and twists, I met Plenty, the melancholic! Like a sleeping cat, Alarmed.  Like an anxious rabbit gazing astray, Conscious. "Enough of you," I screamed. One odd day,  A new green sprouted at the sill, the spirits of solitude freed my sleep, came in new clothes and in new shoes,  and sat on my tougue tip the sweetness of Solitude.

ബലികുടീരങ്ങളെ

 15 മാർച്ച് 2006 . "റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ." അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻ‌കാളി ഹാൾ . അന്നത്തെ വി. ജെ . ടി ഹാൾ . സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ . "ആരാണ് മരിച്ചു പോയത് ? ജി ദേവരാജൻ മാസ്റ്റർ ."  അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല. നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്. ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്...