Skip to main content

ടൈഗർ ബിസ്ക്കറ്റ്

കാർ പാർക്ക് ചെയ്യാൻ അവിടെ സ്ഥലമില്ലായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. സ്റ്റിയറിങ് തിരിയുന്നിടത്തേക്ക് മനസ്സ് എത്തുന്നുമില്ലായിരുന്നു. ഷീലയും മകളും അവളെ കാണുമോ കണ്ടാൽ എങ്ങനെയാകും എന്നെല്ലാമുള്ള ടെൻഷനായിരുന്നു എനിക്ക്. 

ഗസ്റ്റ് ഹൗസിന്റെ സൈഡിലുള്ള  സ്ഥിരം സ്ഥലത്ത് ഞാൻ പാർക്ക് ചെയ്തു.  റോഡ് മുറിച്ചുകടന്നാലേ ഷോപ്പിംഗ് ചെയ്യാൻ പറ്റുള്ളൂ. 

എന്റെ ഊഹം തെറ്റിയില്ല. ഞാൻ വരുമെന്ന് കരുതി അവൾ എത്തിയിരുന്നു. ബസ് സ്റ്റോപ്പിന്റെ മുന്നിൽ എന്നെ കണ്ടതും അവൾ റോഡ് മുറിച്ച് കടന്ന് ഗസ്റ്റ് ഹൗസിന്റെ ഗേറ്റിനു മുന്നിലെത്തി. 

ഷീലയും മകളും അത് കണ്ടുകാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ കാറിൽ നിന്നും  പുറത്തേക്കിറങ്ങി. 
ഞങ്ങൾ എന്നും കാണാറുള്ള  ഇടവഴിയിലേക്ക് ഞാൻ വേഗത്തിൽ നടന്നു . അവൾ എന്നെ പിന്തുടർന്നെത്തി.

"നിറങ്ങളെവിടെയാണ്? കാർ ഓഫ് ചെയ്തിട്ട് എങ്ങോട്ട് പോയതാണ്? ഞങ്ങളിതിനകത്ത് ചൂടെടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട്  നേരം കുറേയായല്ലോ.നിങ്ങൾ വരുന്നുണ്ടോ ഇല്ലയോ." ഷീല ഫോൺ വിളിച്ച് ധൃതിപ്പെട്ടു.

"ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം. അർജെന്റ് ആണ്. നിങ്ങൾ നടന്നോളു ഞാൻ വന്നേക്കാം." ഞാൻ ഷീലയെ ഒരു വിധത്തിൽ ആശ്വസിപ്പിച്ചു.

നേരം വൈകിയതുകൊണ്ടും കടകൾ പൂട്ടാൻ സമയമായതുകൊണ്ടും വേഗത്തിൽ ഷീല മോളുടെ കൈപിടിച്ച്  കടയിലേക്ക് നടന്നു.

എന്റെ മുഖത്തുകൂടി കണ്ണുകളോടിച്ചുകൊണ്ട് റാണി എന്റെ മുന്നിൽ തന്നെ നിന്നു. പനിപിടിച്ച് വീട്ടിൽ കിടപ്പിലായിരുന്നത് കൊണ്ട് ഞങ്ങൾ കണ്ടിട്ട് ഒരാഴ്ചയോളമായി.
ഞാനവളുടെ താടിയിൽ പിടിച്ച് മുഖമൊന്നുയർത്തിനോക്കി. വാടി വിളറിയ നോട്ടം. പരിഭവം നിറഞ്ഞ ഭാവം!

ഷീലയുടെ കോൾ വീണ്ടും വന്നു.

 "ഇനിയും ചെന്നില്ലെങ്കിൽ ശരിയാവില്ല. നീ പൊയ്ക്കോ. നമുക്ക് നാളെ കാണാം." ഞാൻ റാണിയെ സമാശ്വസിപ്പിച്ചു.

അധികം വൈകിക്കാതെ ഞാൻ കടയ്ക്കുള്ളിൽ കയറി. ഗ്ലാസ്ചുമരുകൾ കൊണ്ടുള്ള കടയുടെ മുൻവശത്തെ കാഴ്ചകൾ അകത്തുനിന്നാൽ കാണാമായിരുന്നു. ഞാൻ മോളുടെ കൂടെ ട്രോളി നീക്കിക്കൊണ്ട് വീട്ടുസാധനങ്ങൾ  ഓരോന്നായി എടുത്ത് വച്ചു. അതിൽ സാധനങ്ങൾ നിറഞ്ഞു കുമിഞ്ഞു തുടങ്ങി. ലിസ്റ്റിലെ എല്ലാം  കിട്ടിയെങ്കിലും ഒരു ടൈഗർ ബിസ്ക്കറ്റ് അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് കണ്ടെത്താനായില്ല. കട പൂട്ടാറായത്ത്കൊണ്ടും ഒരു പയ്യൻ സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളു. 

ഞാനവനെ തേടി കണ്ടുപിടിച്ചപ്പോഴാണ് കടയ്ക്ക് പുറത്ത് അവൾ അവനുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടത്. പരിചയമില്ലാത്ത ഈ കടക്കാരൻ പയ്യനോട് അവളെന്താകും മിണ്ടുന്നുണ്ടാവുക എന്നെനിക്ക് അറിയണമായിരുന്നു. അവൾ എന്നെ ഇടക്കണ്ണിട്ട് നോക്കുന്നുമുണ്ട്. ഞാൻ പുറത്തേക്കിറങ്ങിയില്ല. അവൾ അവനുമായി പിന്നെയും എന്തൊക്കൊയോ സംസാരിച്ചു നിന്നു.

ഞാനവനെയാണ് നോക്കിനിൽക്കുന്നതെന്ന് അറിഞ്ഞിട്ടാവണം അവനെന്റെയടുത്തേക്ക് ഓടി വന്നു. അവളോട് പോകാനും അവൻ ആംഗ്യം കാണിച്ചു. എന്റെ മുന്നിൽ ജാള്യതയോടെ അവൻ വന്നു നിന്നു.

"ടൈഗർ ബിസ്ക്കറ്റ് എവിടെയിരിക്കുന്നു?" ഞാൻ ചോദിച്ചു.

അവൻ ഓടിപ്പോയി അത് എടുത്തുകൊണ്ട്  വന്നു.

"നേരത്തെ ബിൽ അടിക്കാമോ?" ഞാൻ ചോദിച്ചു.

"സാർ, എല്ലാമെടുത്തുകഴിഞ്ഞെങ്കിൽ ഒന്നിച്ച് ചെയ്താൽ പോരെ? കട അടക്കാറായി സാർ."

സാധനങ്ങൾ എടുത്ത് തീർന്നിട്ടില്ലെന്നും തൽക്കാലം അത്  മാത്രം ബില്ലടിക്കാനും ഞാനാവശ്യപ്പെട്ടു.

ചപ്പാത്തി മാവ് തൊട്ട് ച്യുയിങ് ഗം വരെ വാങ്ങിക്കൂട്ടിയ ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. അവൾ തിരിച്ചുപോയിക്കാണുമെന്നാണ് ഞാൻ കരുതിയിരുന്നത്. 

 ഷീലയുടെയും മകളുടെയും മുന്നിൽ ഒരു അപരിചിതനായി റാണിയുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ പരസ്പരം നോക്കി നിന്നു. ഷീല അത് കണ്ടു. മോൾ കാറിനുള്ളിൽ കയറി ഇരിപ്പുറപ്പിച്ചു. ഒച്ചയുണ്ടാക്കി പരിഭവം കാണിച്ച് ഷീല കാറിൽ കയറി  ഡോർ വലിച്ചടച്ചിട്ടിരുന്നു.
റാണി എന്നെ തന്നെ നോക്കി നിന്നു. ഞാൻ എന്തോ പ്രയാസത്തിലാണെന്നത് അവളോട് പറയാതെ പറഞ്ഞു. അവൾ തിരിഞ്ഞു നടന്നു. നഗരത്തിന്റെ ഇരുട്ടുകോട്ടകളിലേക്ക് അവൾ ഒറ്റക്ക് നടന്നുപോയത് എന്നെ പരിഭ്രാന്തനാക്കി.

ഷീല ഒന്നും മിണ്ടിയില്ല. ഞാനും. പിൻസീറ്റിൽ  മോൾ ഉറക്കംതൂങ്ങിയിരുന്നു.

"ഞാൻ ഇന്നിനി ഒന്നും ഉണ്ടാക്കുന്നില്ല. വേണമെങ്കിൽ പോകുന്ന വഴിക്ക് എന്തെങ്കിലും കഴിച്ചിട്ടു പോകാം." അവൾ ശഠിച്ചു.

"എനിക്ക് ഒന്നും വേണ്ട. മോൾ ഉറങ്ങിത്തുടങ്ങി. വീട്ടിലേക്ക് പോകാം ." എന്ന് ഞാനും. 

വീട് എത്തുംവരെ  അവൾ പുറത്തേക്ക് മാത്രം നോക്കിയിരുന്നു. മോൾ ഉറങ്ങിക്കഴിഞ്ഞു. ഞാനൊന്നും കഴിക്കാതെ കിടന്നു. ഇരുട്ടിലേക്ക് നടന്നുപോയ എന്റെ റാണിയെയോർത്ത് നെഞ്ചുപിടഞ്ഞു ഞാൻ കിടന്നുറങ്ങി.

പകൽ ഏറോബിക്‌സ് ക്ലാസ്സിനുവേണ്ടി പീറ്റർ സാർ വിളിച്ചപ്പോഴാണ് ഞാനുണർന്നത്. അത് മിസ്സാക്കി. മോണിങ് വാക്കിനായി ഞാൻ ഗസ്റ്റ് ഹൗസിലെത്തി. അവളെ ഒന്ന് കാണണം. വേണ്ട വിധത്തിൽ മിണ്ടണം. എന്റെ സ്നേഹലാളനകൾ അവൾ അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. മൂന്ന് റൗണ്ട് നടത്തം കഴിഞ്ഞ് പതിവ് ചായക്ക് ഞാൻ ബിജുവിന്റെ തട്ടിൽ എത്തി.

"ദേ വരുന്നു സാറിന്റെ ആള്. കാത്തുനിന്നു മുഷിഞ്ഞല്ലേ?" എന്ന പരിഹാസച്ചിരിയിൽ ബിജു ചായ നീട്ടി.

അത് അവളല്ലായിരുന്നു. ഞങ്ങടെ പതിവു സ്ഥലത്ത് പതിവു സമയത്ത് അവൾ എന്നും എത്താറുണ്ടായിരുന്നു. കാത്തിനിന്ന് മണിക്കൂർ ഒന്നായിട്ടും അവൾ വന്നില്ല.

" അവള് പോയി സാറേ. ഇനി നോക്കണ്ട. ഇനി അവള് വരത്തില്ല. ചോദിക്കാനും പറയാനും ആരുമില്ലാതെ ഇങ്ങനെ നടന്നാൽ പിന്നെ വെറുതെ വച്ചേക്കുമോ! അവളെപ്പോലെ കൊറേയെണ്ണത്തിനെ എന്നും കാണാം. തേരാപാരാ നടപ്പല്ലേ. എന്റെ വീട്ടിലുമോണ്ട് ഒരുത്തി. പക്ഷെ ഞാൻ പറയുന്നതേ കേൾക്കു. ഞാൻ പറയുന്നതേ ചെയ്യൂ. അടങ്ങിയൊതുങ്ങി ജീവിച്ചോളും." 

" എങ്ങോട്ട് പോയിക്കാണും? എന്തെങ്കിലും വിവരമുണ്ടോ? ഞാനെവിടെ ചെന്ന് അന്വേഷിക്കാൻ?" 
ഞാനാകെ വിയർത്തുകുളിച്ചിരുന്നു. കാറിൽ കയറി ഏ സി ഇട്ട് ഇരുന്നു.
ബാക്ക് സീറ്റിൽ ഒരു പൊതി കെട്ടിവച്ചിരിക്കുന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ ഷീലയെ വിളിച്ച് ചോദിക്കാൻ ഫോണെടുത്തപ്പോഴേക്കും ഒരു അൺറെഡ് മെസ്സേജ് .

"നിങ്ങളെന്നോട് പിണങ്ങരുതേ. എനിക്ക് പേടിയായതുകൊണ്ടല്ലേ.തൊടാൻ പേടിയാണ്. മോൾക്കാണെങ്കിൽ പേടിച്ച് പനി പിടിക്കും. അതിൽ ചോറും മീൻകറിയുമാണ് . മുള്ളെല്ലാം മാറ്റിയിട്ടുണ്ട്." 

എന്റെ വിൻഡോയിൽ മാർജിൻ ഫ്രീയിലെ പയ്യൻ വന്ന് മുട്ടി. 
" ഗുഡ് മോർണിംഗ് സാർ. ഞാനിന്നലെ അതിന് ടൈഗർ ബിസ്ക്കറ്റ് കൊടുത്തു. അത് മുഴുവനും തിന്നു." 

"താങ്ക്സ്." 
ഞാൻ ഗ്ലാസ്സുയർത്തി കാറിൽ നിന്നും ഇറങ്ങി.

 ബിജുവിന്റെ തട്ടിലെ പൊറോട്ട കഷ്ണം കടിച്ചുകൊണ്ടിരുന്നയാളെ ഞാൻ "മാളൂ" എന്ന് വിളിച്ചു. ഷീല തന്നയച്ച മുള്ളില്ലാത്ത മീൻചോറ് മുഴുവനും തിന്നിട്ട് മാളു എന്നെ മുട്ടിയുരുമ്മി നിന്നു. 

"ഞാൻ നാളെ വരാം. എന്നെങ്കിലും റാണിയെ കാണുന്നുവെങ്കിൽ വിളിച്ചുകൊണ്ടുവരണം."
ഞാൻ മാളുവിനോട് യത്രപറഞ്ഞിറങ്ങി.

Comments

Popular posts from this blog

ഫ്ലാറ്റ്

സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ.  ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്! നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ. വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ...

വീട്ടുമുറ്റത്ത്

പുലർച്ചെ അഞ്ചരയോളം വെളുത്തിട്ടുണ്ട്. എന്റെ വീടിനകം ഇരുണ്ടുതന്നെ കിടപ്പുണ്ട്. ഇടതുവശത്തെ കൈലാസ് ഭവനിൽ ഇന്നലെ വച്ചുകെട്ടിയ ട്യൂബ് ലൈറ്റുകൾ അണച്ചിട്ടില്ല. ചെമന്ന കസേരകൾ അവരുടെ മുറ്റത്ത് ഇനിയൊരാഴ്ച വരെ കിടപ്പുണ്ടാകും. അവിടുത്തെ മുത്തച്ഛന്റെ ഫോട്ടോയും കരിങ്കൊടിയുമാണ് ഈ റോഡിൽ പുതുതായിയുള്ളത് . രാത്രി ഉറങ്ങിയുണരുന്നതേയുള്ളു. എട്ടരമണിയാകുമ്പോൾ അപ്പുറത്തേയ്ക്ക് ചെല്ലണം.   ഞാൻ മുൻവശത്തെ റീഡിങ് റൂമിലെ പൊടിപിടിച്ച എന്റെ കിളിവാതിലിൽക്കൽ ഇരിപ്പാണ്. അടഞ്ഞുപൂട്ടി കിടന്നിരുന്നതുകൊണ്ടല്ല റോഡരികിലെ വീടായതുകൊണ്ടാണ് പൊടിവാതിലായത്. അടിച്ചുവാരാൻ ചിലവഴിക്കുന്ന സമയംകൊണ്ട് അവിടെയിരുന്ന് കാഴ്‌ചകൾ കാണാൻ തോന്നിപ്പോകും.    " ആരാധികേ ...മഞ്ഞുപെയ്യുംവഴിയരികെ ..." എന്ന  പള്ളിപ്പാട്ടിന്റെ പതിഞ്ഞ ഈണമുള്ള ഗാനമാണ് എന്നും അതിരാവിലെ ഇവിടെയിരിക്കുമ്പോ എനിക്ക് കേൾക്കാനിഷ്ടം. ഇയർഫോണിലൂടെ 'ആരാധികേ...' അപ്പുറത്ത് മരണവീടാണ്! പാട്ടുകേൾക്കുമ്പൊൾ ആരും കേൾക്കരുതല്ലോ .  പൊടിവാതിലിനു വലതുവശത്തേക്ക് നോക്കിയാൽ തേരകത്തെ മഞ്ഞുമൂടിയ മരക്കൂട്ടങ്ങൾ കാണാം. അവിടെ നിന്നും 'കൗസല്യ സുപ്രജാ...' കേൾക്കാൻ ഇനിയും അ...