15 മാർച്ച് 2006 .
"റെഡി ആയിക്കോ . നമുക്കൊരിടം വരെ പോകാം . ഒരപ്പൂപ്പൻ മരിച്ചു . നമുക്ക് കാണാൻ പോകാം ."
അച്ഛൻ റെഡിയായിക്കോ എന്ന പറഞ്ഞാൽ എനിക്ക് കാരണങ്ങളൊന്നും
അറിയേണ്ടിയിരുന്നില്ല . എനിക്കന്ന് പത്ത് വയസ്സ്. ഇന്നത്തെ അയ്യൻകാളി ഹാൾ .
അന്നത്തെ വി. ജെ . ടി ഹാൾ .
സ്ഥലം നമ്മടെ പാളയം ആണെന്നോ ഒന്നും തിരിച്ചറിയാൻ അന്ന് നിവർത്തിയില്ലല്ലോ .
"ആരാണ് മരിച്ചു പോയത് ?
ജി ദേവരാജൻ മാസ്റ്റർ ."
അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കേട്ടിട്ടില്ല . എനിക്കാരെന്ന് അറിയണമായിരുന്നില്ല. അച്ഛന്റെയും സഖാവ് കരമന ഹരിയുടെയും ഒപ്പം വലിയ തിരക്കുള്ള ഒരു സഥലത്തേക്കാണ് എത്തപ്പെട്ടത് . എനിക്കവരെ മാത്രമേ
പരിചയമുണ്ടായിരുന്നുള്ളു. ഉയരം കൂടിയ വലിയ മനുഷ്യർക്കിടയിൽ ഞാൻ ആളുകളുടെ മുഖങ്ങൾ കണ്ടിരിക്കില്ല.
നല്ല തിരക്കിൽ കുറെ കാലുകൾക്കു പിന്നിൽ ഞാൻ നിന്നതും നടന്നതുമൊക്കെ ഓർമ്മയിലുണ്ട്.
ആളുകളെല്ലാം ഒരു അംബാസിഡർ കാറിന് വഴിമാറിക്കൊടുത്തു . പത്രക്കാരും ഫോട്ടോഗ്രാഫേഴ്‌സുമെല്ലാം ആ വണ്ടിയെ
വളഞ്ഞു . ഒരു ജുബ്ബയുടെ കൈ മടക്കിവച്ച് വെള്ള മുണ്ടുമുടുത്ത് ടി വിയിൽ കാണുന്ന ഒരപ്പൂപ്പൻ വന്നിറങ്ങി. പരിചയം തോന്നിയ മുഖം. ആൾക്കൂട്ടത്തിലേക്ക് ഒരു വെള്ള കാറിൽ മാസ്സ് എൻട്രിയിൽ ഇറങ്ങിയ സഖാവിനെ ഞാൻ വ്യക്തമായി ഓർക്കുന്നു .
"ഇതാരാ?"
"വി . എസ് ."
അച്ഛൻ ചോദിക്കുന്നതിനെല്ലാം കൃത്യമായി മറുപടി കൊടുക്കാൻ സാധിച്ചാൽ എനിക്ക് വലിയ സന്തോഷമായിരുന്നു . നല്ല തിരക്കായതുകൊണ്ട് അച്ഛൻ എന്നെ എതിർവശത്തുള്ള ഒരു കടയിൽ കൊണ്ടുപോയി പൈനാപ്പിൾ ജ്യൂസ് വാങ്ങിത്തന്നു . എനിക്ക് ചിലകാര്യങ്ങളിൽ വല്ലാത്ത ഓർമ്മയാണ് . ഒരാളെ ആദ്യം കണ്ട ദിവസം, അവർ ധരിച്ച വസ്ത്രം, ഞാൻ ധരിച്ച വസ്ത്രം , സ്ഥലങ്ങൾ, ചിലപ്പോൾ കഴിച്ച ഭക്ഷണം പോലും ഓർമ്മയുണ്ടാകും. സുഹൃത്തുക്കൾ എന്റെ കഴിവുകളിൽ ഒന്നായി അംഗീകരിച്ചിട്ടുള്ള ഒന്നാണിത് .
എന്നിട്ടും മാസ്റ്ററുടെ മുഖം ഞാൻ നേരെ ഓർക്കുനില്ലല്ലോ. ആ ജനക്കൂട്ടത്തിൽ കുട്ടിയായ ഞാൻ അത് കണ്ടിട്ടുപോലുമുണ്ടാവില്ല. കൗമാരത്തിൽ ഞാനും സുഹൃത്തുക്കളും അലഞ്ഞു നടന്നതും കൗതുകം നന്നേ കുറവ് തോന്നിയതുമായ സാഫല്യം കോംപ്ലെക്സിലെ ഒരു കടയിൽ നിന്നുമാണ് കുട്ടിയായ ഞാൻ അന്ന് ജ്യൂസ് കുടിച്ചുകൊണ്ട് നിന്നത് . ആ ചിത്രം വ്യക്തമായി എന്റെ മനസിലുണ്ട് .
അവിടെ നിന്ന് നോക്കിയാൽ വി. ജെ . ടി ഹാളിനു ചുറ്റും എനിക്ക് സുപരിചിതമായിരുന്ന ചെങ്കൊടികൾ പാറിപ്പറക്കുന്നുണ്ടായിരുന്നു.വലിയ സ്‌പീക്കറുകളിൽ നിന്നും കേട്ടുകൊണ്ടിരുന്ന
'നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി ...' എന്ന വരികൾ എനിക്കന്ന് 'സ്പീഡുള്ള പാട്ടിന്റെ' വരികളാണ്.
"ഈ പാട്ട് നമ്മടെ റോസ് പുസ്തകത്തിലുണ്ടോ ? "ഞാൻ അച്ഛനോട് ചോദിച്ചു,
" റോസ് പുസ്തകത്തിന്റെ പുറകിലുണ്ട് ഈ പാട്ട്. വരികൾ വയലാർ.
സംഗീതം ജി . ദേവരാജൻ ". അച്ഛൻ പറഞ്ഞുതന്നു.
വി. ജെ . ടി. ഹാളിനെക്കുറിച്ച് എന്റെ ആദ്യത്തെ ഓർമ്മ ഇങ്ങനെയാണ് .
അതിനുള്ളിൽ നിശ്ചലമായി കിടന്നിരുന്ന മാസ്റ്ററെ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.
ഓർമ്മയിൽ ആദ്യമായി , ' ബലികുടീരങ്ങളെ ...'
Comments
Post a Comment