അമ്പലങ്ങൾക്കും പള്ളികൾക്കും നന്ദിപറയണം . അന്ന് അവിടെ ഞാൻ കണ്ണടച്ചു നിന്നിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ? ഒരു നടയിൽ നിന്നും മറ്റൊരു നടയിലേക് നടന്നു നീങ്ങുന്ന ദൈർഘ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് .പ്രാർത്ഥിക്കുവാൻ എനിക്ക് കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പൂപ്പൻ നടന്നു നീങ്ങും. അടുത്തുണ്ടായിരുന്നവരെല്ലാം നടന്നുനീങ്ങും. ചുറ്റിനും വായിനോക്കി നിന്നിട്ടു ഒടുവിൽ പ്രാർത്ഥിക്കുവാൻ തുടങ്ങുമ്പോൾ ഒപ്പമുള്ളവർ നടന്നാൽ കുട്ടിയായ ഞാൻ എന്ത് ചെയ്യും ? ഒപ്പം നടക്കുക , അത്രതന്നെ .ചിലനടകളിൽ ചിലർ കുറെ നേരം ചെലവിടുന്നത് കാണാം. ഭൂതത്താൻ മാടൻ തുടങ്ങിയവയ്ക്ക് സമയം കുറവാണ് .അതെന്താണാവോ എന്ന് പലവട്ടം ചിന്തിച്ചതാണ് .
ഒരിക്കൽ അർച്ചന കഴിപ്പിച്ചു കിട്ടിയ പ്രസാദം വാങ്ങുമ്പോൾ ഒരു ചില്ലറപൈസ പൂജാരിക്ക് ഇട്ടുകൊടുത്തതാണ്. അറിയാതെയെപ്പോഴോ ഞാൻ അയാളുടെ കയ്യിൽ തൊട്ടു . ഇനി അങ്ങനെ പാടില്ല എന്നാണ് , അയാൾ എന്നെ വിലക്കിയത് .ഒപ്പമുള്ളോരും പറഞ്ഞു തന്നു പൈസ ഇട്ടു കൊടുക്കുമ്പോൾ കൈയിൽ തൊടാതെ കൊടുക്കണം. കോരനും കൂട്ടരും തംബ്രാന്റെ കൈയ്യീന്ന് കൂലി വാങ്ങാൻ നിന്നത്പോലെയാണോ എന്ന് ചോദിച്ചറിയുവാൻ വീണ്ടും നാളുകൾ വേണ്ടി വന്നു എനിക്ക്. ചിലനടകളിൽ പൂജാരി മുഖം തിരിഞ്ഞു പടിയിറങ്ങി വരുന്നത് കണ്ടിട്ടുണ്ട് .രാജാവിനെ വണങ്ങി മടങ്ങിയ ഒരു പ്രജയപോലെ അയാൾ വണങ്ങി ഇറങ്ങുന്നത് ഒരത്ഭുതക്കാഴ്ചയായിരുന്നു. നൂറുക്കണക്കിന് ചോദ്യങ്ങൾ എന്റെ മനസിന് തൊടുത്തുവിട്ട മണ്ണാണ് അവിടം. അമ്പലനടകൾ എനിക്ക് പാഠശാലകളായി.
പഠിച്ചതെല്ലാം ക്രിസ്തീയസഭകളുടെ സ്ഥാപനങ്ങളിലാണ് .സ്‌കൂളിലെ ചാപ്പലിൽ പോകുക ഒരു ശീലമായിരുന്നു എനിക്ക്. അവിടെ പലരും മുട്ടിൽ ഇഴഞ്ഞുകൊണ്ട് പടികയറുന്നത് കണ്ടിട്ടുണ്ട് . ഒരുപടി വിട്ടുകൊണ്ട് മൂന്നാമത്തേതിൽ ചവുട്ടിക്കയറും ചിലർ. ചാപ്പലിലെ ബെഞ്ചിൽ കണ്ണടച്ചിരിക്കാതെ ഞാൻ മുൾക്കിരീടം ചൂടിയ ഒരു മനുഷ്യനെ വെറുതെ നോക്കിയിരുന്നിട്ടുണ്ട് . നോക്കിയിട്ടുള്ളപ്പോഴെല്ലാം കണ്ണുനിറഞ്ഞിട്ടുണ്ട് . എന്തോ ഏതെങ്കിലുമൊരു 'ദൈവത്തെ' നോക്കി ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ക്രിസ്തുവിനെ നോക്കിമാത്രമാണ് .അവിടെയും തൊടുത്തുവിടാൻ നൂറിൽപരം ചോദ്യങ്ങൾ കൈവശം വന്നുചേർന്നു .
ഒന്ന് ചിന്തിച്ചാൽ അമ്പലനടകളിലും പള്ളിമുറ്റങ്ങളിലുമല്ലേ ഓരോ നാസ്തികനും ജന്മം കൊള്ളുന്നത്? അവിടെ വെച്ചല്ലേ ഞാൻ യുക്തിയുടെ കൈപിടിച്ചു അവിടെനിന്നെല്ലാം ഇറങ്ങിപ്പോന്നത് ?
Comments
Post a Comment