പുലർച്ചെ അഞ്ചരയോളം വെളുത്തിട്ടുണ്ട്. എന്റെ വീടിനകം ഇരുണ്ടുതന്നെ കിടപ്പുണ്ട്. ഇടതുവശത്തെ കൈലാസ് ഭവനിൽ ഇന്നലെ വച്ചുകെട്ടിയ ട്യൂബ് ലൈറ്റുകൾ അണച്ചിട്ടില്ല. ചെമന്ന കസേരകൾ അവരുടെ മുറ്റത്ത് ഇനിയൊരാഴ്ച വരെ കിടപ്പുണ്ടാകും. അവിടുത്തെ മുത്തച്ഛന്റെ ഫോട്ടോയും കരിങ്കൊടിയുമാണ് ഈ റോഡിൽ പുതുതായിയുള്ളത് . രാത്രി ഉറങ്ങിയുണരുന്നതേയുള്ളു. എട്ടരമണിയാകുമ്പോൾ അപ്പുറത്തേയ്ക്ക് ചെല്ലണം.
ഞാൻ മുൻവശത്തെ റീഡിങ് റൂമിലെ പൊടിപിടിച്ച എന്റെ കിളിവാതിലിൽക്കൽ ഇരിപ്പാണ്. അടഞ്ഞുപൂട്ടി കിടന്നിരുന്നതുകൊണ്ടല്ല റോഡരികിലെ വീടായതുകൊണ്ടാണ് പൊടിവാതിലായത്. അടിച്ചുവാരാൻ ചിലവഴിക്കുന്ന സമയംകൊണ്ട് അവിടെയിരുന്ന് കാഴ്‌ചകൾ കാണാൻ തോന്നിപ്പോകും.
" ആരാധികേ ...മഞ്ഞുപെയ്യുംവഴിയരികെ ..." എന്ന
പള്ളിപ്പാട്ടിന്റെ പതിഞ്ഞ ഈണമുള്ള ഗാനമാണ് എന്നും അതിരാവിലെ ഇവിടെയിരിക്കുമ്പോ എനിക്ക് കേൾക്കാനിഷ്ടം. ഇയർഫോണിലൂടെ 'ആരാധികേ...' അപ്പുറത്ത് മരണവീടാണ്! പാട്ടുകേൾക്കുമ്പൊൾ ആരും കേൾക്കരുതല്ലോ .
പൊടിവാതിലിനു വലതുവശത്തേക്ക് നോക്കിയാൽ തേരകത്തെ മഞ്ഞുമൂടിയ മരക്കൂട്ടങ്ങൾ കാണാം. അവിടെ നിന്നും 'കൗസല്യ സുപ്രജാ...' കേൾക്കാൻ ഇനിയും അരമണിക്കൂർകൂടിയെടുക്കും . ഞാനെന്റെ മുറിയിലെ വെളിച്ചം ഓഫാക്കിയാണിരിപ്പ്. നിലാവുള്ളതുകൊണ്ടും ഇടതുവശത്തെ അരണ്ട വെളിച്ചമുള്ളത്കൊണ്ടും എഴുതാനാവശ്യമായ വെളിച്ചമുണ്ട്. എതിർവശത്തെ ഗോഡൗണിലെ സി സി ടിവി ക്യാമറ പോലെ അദൃശ്യയായി ഞാനിരിക്കുന്നു. ചാലമാർക്കറ്റിലേക്കുള്ള സൈക്കിൾ യാത്രക്കാർ പതിവുപോലെ ആദ്യമെത്തുന്നുണ്ട് . ആരാധികേ എന്ന പാട്ട് ഇയർഫോണിലൂടെ എനിക്ക് മാത്രമല്ലെ കേൾക്കാവു . ഈ പൂക്കൂടകളുമായി സൈക്കിൾ ചവുട്ടുന്നവർ എങ്ങനെ ഈ പാട്ടിന്റെ താളത്തിനു ചവുട്ടി നീങ്ങുന്നു ?
വലതുവശത്തെ രുചി ഹോട്ടലിലേക്കുള്ള തൊഴിലാളികൾ വന്നെത്തിയിട്ടുണ്ട്. ചെങ്കൊടിമുക്കിലെയും അടുത്ത റോഡിലെയും തൊഴിലാളികൾ ഊണുകഴിക്കാൻ അവിടെ കേറുന്നത് കണ്ടിട്ടുണ്ട്. ഹോട്ടലിലെ ജീവനക്കാർ അതിരാവിലെ എത്തി കുപ്പായംമാറ്റി പണിക്കുകേറും. ഇവരിൽ ആരുണ്ടാക്കുന്ന ചിക്കൻ ഫ്രൈ ആണോ അച്ഛൻ വൈകിട്ട് പാർസൽ വാങ്ങി വരിക എന്നെങ്കിക്ക് നിശ്ചയമില്ല. എന്നാലും അപ്പുറത്ത് മരണവീടല്ലേ . ഇവിടെ എങ്ങനെയാ ചിക്കൻ വാങ്ങി തിന്നുക !
എഴുതിത്തീർന്നില്ല അതിനുമുന്നേ മൂന്നുചക്ര സൈക്കിളിൽ ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാർ വരുന്നുണ്ട് . ഈ നഗരത്തിൽ എന്റെ വീട്ടുമുറ്റത്ത് മാത്രമാണ് ഇത്രയധികം മനുഷ്യർ ഇങ്ങനെയൊരു വണ്ടിയിൽ സഞ്ചരിക്കുന്നത് കണ്ടിട്ടുള്ളത്.
റോഡിൽ ഇപ്പോൾ വെളിച്ചമുണ്ട്. അപ്പുറത്തെ ഇടവഴിയിൽ ഒരു മടിയൻ ചെക്കനുണ്ട്. സമയം കൃത്യം ഏഴുമണിക്കാണ് അവനെ സ്‌കൂളിലേക്ക് കൂട്ടാൻ ഓട്ടോ വരിക. അവനെക്കാൾ നന്നായി എനിക്കതറിയാം. ഓട്ടോക്കാരൻ കൃത്യസമയത്ത് എത്താറുമുണ്ട്. അവന്റെ അമ്മയാണ് എടുത്തുകൊണ്ടുവന്ന് അതിൽ കയറ്റുക . അവന്റെ അയൽക്കാരായ ഗുജറാത്തി കുടുംബത്തിലെ രണ്ടുപേരും നല്ല ചിട്ടയോടെ കാലത്ത് എണീറ്റ് അതേ ഓട്ടോയ്ക്കായി റെഡിയായി നിൽക്കും.
മനുഷ്യരുടെ വേഗത കൂടുന്നു. എന്റെ പാട്ട് ഞാൻ ഓഫ് ചെയ്തു. പല താളത്തിൽ നടക്കുന്ന മനുഷ്യർ. ഈ പാട്ടിനൊപ്പം എനിക്കവരോടൊപ്പം എത്താൻ സാധിക്കില്ല. മിനി ലോറികളും പെട്ടിയോട്ടോകളുമൊക്കെ വന്നു തുടങ്ങി. അപ്രിയമായ തിരക്ക് ഇനി അനുഭവിക്കാൻ പോകുന്നതേയുള്ളു.
മൽസ്യഗന്ധികളായ പെണ്ണുങ്ങളാണ് ധൃതിയിൽ നടക്കുക . ആ വേഗതയിൽ റോഡിലെ ആണുങ്ങളൊന്നും നടന്നെത്തുന്നില്ല. എല്ലാവരും ചാല മീൻ മാർക്കറ്റിലേക്കാണ് നടപ്പ്. അക്കൂട്ടത്തിൽ ഞങ്ങടെ വീട്ടിൽ വരുന്ന ആളാണ് മീനു. മീനു എത്താൻ ഇനിയും സമയമെടുക്കും. എട്ടരയാകണം എന്റെ വീട്ടിൽ എത്താൻ. അപ്പുറത്ത് മരണമായതുകൊണ്ട് ഇന്നിവിടെ മീൻ വാങ്ങില്ലായിരിക്കും.
മരണവീട്ടിൽ ആളുകൾ വരുന്നുണ്ട്. ആ വീട്ടിലെ മനുഷ്യരെല്ലാം ശവസംസ്കാരത്തിനു ശേഷം മാത്രമേ എന്തെങ്കിലും ജലപാനം ചെയ്യുകയുള്ളൂ. അവരുടെ മുറ്റത്ത് നല്ല തിരക്കുകൂടുന്നു.
എന്റെ വീടിനേക്കാൾ വിശാലമായ മുറ്റമുണ്ട് അവർക്ക്. മക്കളും പേരക്കുട്ടികളും പുറത്തുപോയിക്കഴിഞ്ഞാൽ അവിടുത്തെ മുത്തച്ഛൻ പൂന്തോട്ടത്തിൽ പണിചെയ്യുന്നതുകാണാമായിരുന്നു. ചെടികൾക്കിടയിൽ മാത്രമേ കഴിഞ്ഞ മാസങ്ങളിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളു. ആ വീട്ടിൽ ചെന്നാൽ അദേഹം ടി വി യുടെ തൊട്ടുമുന്നിൽ ചൂരൽ കസേര വലിച്ചു വച്ച് ടി വി യ്ക്കുള്ളിൽ കയറിയിട്ടെന്നപോൾ കാണുമായിരുന്നു. ഇനി ഈ പൂന്തോട്ടമെല്ലാം ആരാകും നോക്കിനടത്തുക! ആളുടെ കൊച്ചുമകൻ ഫുട്ബോൾ ഗേറ്റിൽ തട്ടി കളിക്കുന്ന പതിവുണ്ട് . ആ ബോൾ ചെടികൾക്കിടയിൽ വിരുന്നുവെന്ന ഒരു ചെമന്ന കസേരയുടെ കീഴിൽ കിടപ്പുണ്ട്.
എന്റെ വീടിനു എതിർവശത്തായി പാർക്ക് ചെയ്തിരിക്കുന്ന ലോറിയിലേയ്ക്ക് ഒരുകൂട്ടം മനുഷ്യർ വലിഞ്ഞു കയറുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു വൃദ്ധൻ ഷർട്ടൂരിയിട്ട് ചരക്കുകൾ താഴെ നിൽക്കുന്ന സഖാക്കൾക്ക് കൈമാറുന്നു. അല്പം കഴിഞ്ഞാൽ ഇവരെല്ലാം വിശ്രമിക്കും. പിന്നെയും പണിയെടുക്കും. ഒരിക്കൽ പുഷ്പ സ്വീറ്റ്സിൽ പോകുന്ന വഴിയ്ക്ക്അ വിടുത്തെ ഒരു ചെറിയ സി ഐ ടി യു ഓഫീസിൽ ഈ വൃദ്ധനെ കണ്ടതോർക്കുന്നു.
എതിർവശത്തെ മൈലാഞ്ചിയില പറിക്കാൻ മാത്രം ഞാൻ പോയിരുന്ന വീട്ടിൽ ഇപ്പോൾ ഒരു വൃദ്ധദമ്പദികൾ മാത്രമാണുള്ളത്. അവിടുത്തെ അമ്മമ്മയുടെ വസ്ത്രങ്ങൾ കഴുകി ആറാനിടുന്നത് അവിടുത്തെ അപ്പൂപ്പനാണ്. അയാളെ എന്നും രാവിലെ ടെറസിൽ വരുന്നത് കാണാം. ഇന്നയാൾ ചെങ്കൊടിമുക്കിൽ പാലുവാങ്ങാൻ പോകാനിറങ്ങിയിരിക്കുന്നു. കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഏൽപ്പിച്ച് അമ്മമ്മ ഗേറ്റിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട്. റോഡിൽ ഇപ്പോൾ ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് അയാൾ മാത്രമായിരിക്കും.
മുല്ലപ്പൂവുചൂടിയ പെണ്ണുങ്ങളും പാട്ടിമാരും കോവിലുകളിലേക്കാണ് നടപ്പ്. ഒപ്പം വലിയ കാറുകളും മുതലാളിമാരും വന്നിട്ടുണ്ട്. നീലകുപ്പായക്കാർ നിൽക്കുന്ന ലോറിയുടെ പിന്നിലായി ഒരു വെളുത്ത കാർ പാർക്ക് ചെയ്യുന്നു. കാറോടിച്ചിരുന്നയാൾ അകത്തിരുന്നു ഡോർ തുറന്നു കൊടുക്കുന്നു. തൊഴിലാളികളും മാനേജർമാരും ഗോഡൗണിൽ നിന്നും എന്തൊക്കൊയോ വന്നെടുത്തുകൊണ്ടുവയ്ക്കുന്നു. കാറുകാരൻ റോഡിലെ വെയിൽ കൂടിയപ്പോൾ സൺഗ്ലാസ് ധരിച്ചിരിക്കുന്നു.
വെയിൽ എന്നെയും വലയ്ക്കുന്നുണ്ട്. ഇനി റോഡിൽ കാലുകുത്താൻ ഇടമുണ്ടാകില്ല. തിരക്കേറുന്നുണ്ട്. ഞാൻ പൊടിവാതിലടക്കട്ടെ. അപ്പുറത്തേക്ക് ചെല്ലണം. ബാക്കി വിവരങ്ങൾ പിന്നീടെഴുതാം.
********
നല്ല തിരക്കുണ്ടായിരുന്നു അപ്പുറത്ത്. മരണപ്പെട്ടുപോയ മുത്തച്ഛൻ ധാരാളം കടകളുണ്ടായിരുന്ന ഒരു വ്യാപാരിയായിരുന്നു. എത്രയധികം മനുഷ്യർ വന്നുപോയി. ധാരാളം റീത്തുകൾ. ഒരു മൃതശരീരത്തിനു താങ്ങാവുന്നതിലുമധികം റീത്തുകൾ. വലിയ ഉദ്യോഗസ്ഥന്മാർ പാർട്ടിക്കാർ ധാരാളം വ്യാപാരിസമിതി അംഗങ്ങൾ വന്നുപോയി. പല പേരുകളുള്ള പല നിറങ്ങലുള്ള പല അലങ്കാരങ്ങളുള്ള റീത്തുകൾ അദ്ദേഹത്തിന്റെ കാൽക്കൽ വച്ചുമടങ്ങി.
അവസാനമാണ് നമ്മുടെ നീലകുപ്പായക്കാരനായ വൃദ്ധൻ ആൾക്കൂട്ടത്തിൽ പ്രത്യക്ഷനായത്. പണിത്തിരക്കിനിടയിൽ ആൾ എത്തിച്ചേരാൻ വൈകിപ്പോയിരിക്കും.
ഒരു റോസാ! ഒരൊറ്റ റോസാപൂവ്വ് കയ്യിൽ പിടിച്ച് അയാൾ മരിച്ചുകിടക്കുന്ന വൃദ്ധന്റെ കാൽക്കൽ നിന്നു. നിറകണ്ണുകളോടെ അയാൾ കൈകൾ നെഞ്ചിൽ വയ്ച്ച് കരഞ്ഞു. കൈകൾ കൂപ്പി തൊഴുതുനിന്നു . ചെറിയ റോസാ പൂവ് കാൽക്കൽ വച്ചയാൾ വീണ്ടും തൊഴുതുമടങ്ങി. ആൾകൂട്ടത്തിൽ നിന്നും അയാൾ വീണ്ടും പണിസ്ഥലത്തേക്കാകും മടങ്ങിയത്.
സമയമായപ്പോൾ റീത്തുകളെല്ലാം മാറ്റിവയ്ച്ചു. സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം എടുത്തുമാറ്റി. കുടുംബാംഗങ്ങളും അയൽവാസികളും സഖാക്കളും പിന്നാലെ നടന്നുനീങ്ങി. വീടിനുള്ളിലെ തിരക്കൊഴിഞ്ഞു. മൊസേക്ക് പാകിയ നിലത്ത് ഒരു വിളക്കുമാത്രം കത്തിനിന്നു. വലിയ റീത്തുകളെല്ലാം ആരോ സൂക്ഷിച്ചെടുത്ത് മാറ്റി വച്ചു. നീല ഷർട്ടുകാരന്റെ റോസാപൂവ്വ് മാത്രം നിലത്ത് കിടപ്പുണ്ടായിരുന്നു. ആളൊഴിഞ്ഞപ്പോൾ മുറിയുടെ അങ്ങേയറ്റത്ത് ഒരു ചൂരൽ കസേരയും ടിവിയും എനിക്ക് കാണാമായിരുന്നു .
മരണപ്പെട്ടിട്ടും മരണാനന്തരത്തിൽ
ഒരു മനുഷ്യൻ വല്ലാതെ
ബുദ്ധിമുട്ടുന്നതുപോലെയാണ് പിന്നീടുള്ള ചടങ്ങുകളെല്ലാം എനിക്കനുഭവപ്പെട്ടത്. ഞാൻ ഇങ്ങു പൊന്നു. ഒന്ന് വിശ്രമിക്കണം.
ഞാനെടുത്തു വച്ച ആ റോസാപ്പൂവ് ചൂരൽ കസാരക്ക് തൊട്ടുമുന്നിൽ, ടി വി യ്ക്ക് താഴെയായി അല്പനേരത്തേക്കെങ്കിലും അവിടെയിരിക്കട്ടെ.
❤️
ReplyDelete