സ്വന്തമല്ലാത്ത ഫ്ലാറ്റിലെ പ്രിയപ്പെട്ടതാകുന്ന എന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് നഗരത്തിന്റെ ഭൂപടം നിവർത്തിവച്ചതുപോലുണ്ട്. ലെവൽ ക്രോസ്സുകൾ ഇടത്തും വലത്തുമായി രണ്ടെണ്ണമുണ്ട്. അതുവഴി നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്നു. തമ്പാനൂരിൽ നിന്നും അവ പുറപ്പെടുന്ന ശബ്ദം ഇങ്ങു കേൾക്കാം. ഇരുവശത്തും കിള്ളിയാർ നിശബ്ദമായി ഒഴുകുന്നുണ്ട്. ഇടത്തേ അറ്റത്ത് ഒന്നൊന്നിനു പുറകിലായി തലപൊക്കി നിൽക്കുന്ന ക്വാർട്ടേഴ്‌സുകൾ. അവയുടെ പുറകിലായി വരും സാക്ഷാൽ സെൻട്രൽ ജയിൽ. ക്വാർട്ടേഴ്‌സുകൾ നോക്കിയാൽ ''സ...ഗ...പ ധ നി ധ ...'' എന്ന് മൂളി അയയിൽ നിന്നും തുണികൾ എടുത്തിട്ട് മകനെ നോക്കി 'കാറ്റ്റു വെളിയിടൈ കണ്ണമ്മാ' പാടുന്ന ലാലേട്ടനെ ഓർമ്മവരും. തന്മാത്രയിലെ രമേശൻ നായരും കുടുംബവും താമസിച്ച ക്വാർട്ടേഴ്‌സ്! നേരെ എതിർവശത്ത് കാണുന്നതൊക്കെയും വീടുകൾ മാത്രമാണ്. ചിലവീടുകളിൽ നാടൻ പൂച്ചകളും പശുക്കളുമുണ്ട്. ചില ടെറസുകളിൽ ട്യൂഷൻ ക്ലാസുകൾ ചിലതിൽ ഡാൻസ് ക്ലാസുകൾ. ഈ വീടുകളുടെയല്ലാം പിന്നിലായി കൂറ്റൻ നാല് ഫ്ലാറ്റുകൾ. വലത്തേ കോണിൽ നഗരത്തിന്റെ ഹൃദയഭാഗമാണ്. ഞാൻ ജനിച്ച വീടും സ്ഥലവും കൃത്യമായി എനിക്ക് ജനാലയ...