കാർ പാർക്ക് ചെയ്യാൻ അവിടെ സ്ഥലമില്ലായിരിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. സ്റ്റിയറിങ് തിരിയുന്നിടത്തേക്ക് മനസ്സ് എത്തുന്നുമില്ലായിരുന്നു. ഷീലയും മകളും അവളെ കാണുമോ കണ്ടാൽ എങ്ങനെയാകും എന്നെല്ലാമുള്ള ടെൻഷനായിരുന്നു എനിക്ക്. ഗസ്റ്റ് ഹൗസിന്റെ സൈഡിലുള്ള സ്ഥിരം സ്ഥലത്ത് ഞാൻ പാർക്ക് ചെയ്തു. റോഡ് മുറിച്ചുകടന്നാലേ ഷോപ്പിംഗ് ചെയ്യാൻ പറ്റുള്ളൂ. എന്റെ ഊഹം തെറ്റിയില്ല. ഞാൻ വരുമെന്ന് കരുതി അവൾ എത്തിയിരുന്നു. ബസ് സ്റ്റോപ്പിന്റെ മുന്നിൽ എന്നെ കണ്ടതും അവൾ റോഡ് മുറിച്ച് കടന്ന് ഗസ്റ്റ് ഹൗസിന്റെ ഗേറ്റിനു മുന്നിലെത്തി. ഷീലയും മകളും അത് കണ്ടുകാണില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഞങ്ങൾ എന്നും കാണാറുള്ള ഇടവഴിയിലേക്ക് ഞാൻ വേഗത്തിൽ നടന്നു . അവൾ എന്നെ പിന്തുടർന്നെത്തി. "നിറങ്ങളെവിടെയാണ്? കാർ ഓഫ് ചെയ്തിട്ട് എങ്ങോട്ട് പോയതാണ്? ഞങ്ങളിതിനകത്ത് ചൂടെടുത്ത് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായല്ലോ.നിങ്ങൾ വരുന്നുണ്ടോ ഇല്ലയോ." ഷീല ഫോൺ വിളിച്ച് ധൃതിപ്പെട്ടു. "ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം. അർജെന്റ് ആണ്. നിങ്ങൾ നടന്നോളു ഞാൻ വന്നേക്കാം...