പുലർച്ചെ അഞ്ചരയോളം വെളുത്തിട്ടുണ്ട്. എന്റെ വീടിനകം ഇരുണ്ടുതന്നെ കിടപ്പുണ്ട്. ഇടതുവശത്തെ കൈലാസ് ഭവനിൽ ഇന്നലെ വച്ചുകെട്ടിയ ട്യൂബ് ലൈറ്റുകൾ അണച്ചിട്ടില്ല. ചെമന്ന കസേരകൾ അവരുടെ മുറ്റത്ത് ഇനിയൊരാഴ്ച വരെ കിടപ്പുണ്ടാകും. അവിടുത്തെ മുത്തച്ഛന്റെ ഫോട്ടോയും കരിങ്കൊടിയുമാണ് ഈ റോഡിൽ പുതുതായിയുള്ളത് . രാത്രി ഉറങ്ങിയുണരുന്നതേയുള്ളു. എട്ടരമണിയാകുമ്പോൾ അപ്പുറത്തേയ്ക്ക് ചെല്ലണം. ഞാൻ മുൻവശത്തെ റീഡിങ് റൂമിലെ പൊടിപിടിച്ച എന്റെ കിളിവാതിലിൽക്കൽ ഇരിപ്പാണ്. അടഞ്ഞുപൂട്ടി കിടന്നിരുന്നതുകൊണ്ടല്ല റോഡരികിലെ വീടായതുകൊണ്ടാണ് പൊടിവാതിലായത്. അടിച്ചുവാരാൻ ചിലവഴിക്കുന്ന സമയംകൊണ്ട് അവിടെയിരുന്ന് കാഴ്‌ചകൾ കാണാൻ തോന്നിപ്പോകും. " ആരാധികേ ...മഞ്ഞുപെയ്യുംവഴിയരികെ ..." എന്ന പള്ളിപ്പാട്ടിന്റെ പതിഞ്ഞ ഈണമുള്ള ഗാനമാണ് എന്നും അതിരാവിലെ ഇവിടെയിരിക്കുമ്പോ എനിക്ക് കേൾക്കാനിഷ്ടം. ഇയർഫോണിലൂടെ 'ആരാധികേ...' അപ്പുറത്ത് മരണവീടാണ്! പാട്ടുകേൾക്കുമ്പൊൾ ആരും കേൾക്കരുതല്ലോ . പൊടിവാതിലിനു വലതുവശത്തേക്ക് നോക്കിയാൽ തേരകത്തെ മഞ്ഞുമൂടിയ മരക്കൂട്ടങ്ങൾ കാണാം. അവിടെ നിന്നും 'കൗസല്യ സുപ്രജാ...' കേൾക്കാൻ ഇനിയും അ...