കൗമാരസ്വപ്‌നങ്ങൾ മേഞ്ഞുനടന്നൊരാ പോയനാളുകൾ തേടി നീ വരുമൊരുനാളിൽ വരിക, വെറുതേയാ മൺചരിവിലെ ജാലകവാതിലിനരികെ. അവിടെയെൻ കവിതകൾ കോർത്തുകെട്ടിയ ഹർഷഹാര മണിഞ്ഞു നിൽക്കുമൊരു മണിമരുതിനെ നീയോർമിക്കുമോ ? അതു പാടിപഠിച്ചവർ, അവരെൻ സർഗക്രിയയ്ക്കു സാരംഗിമീട്ടിടും പ്രേമഭാവനകളിലെന്നും തളിർക്കും പുതുമലർക്കിടാങ്ങൾ. നാളത്തെ പ്രണയികളറിയുമോ പുതുനാമ്പുകളറിയുമോ പണ്ടീമണ്ണിൽ ഞാൻ കുഴിച്ചിട്ട മോഹങ്ങളെ ? ഇന്നു നീ പാടിനടക്കും പാട്ടുപാടി വരികയന്നൊരിക്കൽക്കൂടി ഈ മൺചരിവിലെ ജനൽപടിക്കൽ. അന്നെന്റെ ഹൃദയരാഗസ്മരണകൾമീട്ടും കാലംപ്പഴക്കിയ ജനൽക്കമ്പികളിൽ ഞാൻ പാകിയ മിഴിക്കോണുകളിൽ ഓർമ്മകളെ തിരഞ്ഞെത്തിടും ചിലന്തിമുത്തശ്ശിമാർ പഴമമിനുക്കി- യൊരു പഴമ്പാട്ടുപാടും. അതിൻ സ്വപ്നവലകളിൽ അന്നുമെന്റെ പ്രണയം കുടുങ്ങിക്കിടക്കും!